ചില രക്ഷിതാക്കൾ ഇങ്ങനെയാണ്. കുട്ടികൾക്ക് യാതൊരു സ്വാതന്ത്ര്യവും നൽകാതെ തങ്ങൾ പറയുന്നത് അക്ഷരം പ്രതി അനുസരിച്ചാൽ മതിയെന്ന കാഴ്ചപ്പാടോടുകൂടി ആണ് അവർ മുന്നോട്ടു പോകുന്നത്. കുട്ടികൾ പറയുന്ന അഭിപ്രായങ്ങൾ ഒന്നും തന്നെ ഇവർ മുഖവിലക്കെടുക്കുന്നില്ല. ഏകാധിപത്യ രക്ഷാകർതൃത്വം (Authoritarian Parenting) എന്നാണ് ഇത് അറിയപ്പെടുന്നത്. രക്ഷിതാക്കളുടെ അനുഭവസമ്പത്തിൽ അധിഷ്ഠിതമായ വ്യക്തമായ നിർദ്ദേശങ്ങൾ കിട്ടുന്നതിനാൽ കുട്ടികൾക്ക് കാര്യങ്ങൾ ചെയ്യാനുള്ള ദിശാബോധം കിട്ടും എന്നതാണ് ഈ രീതിയുടെ പ്രധാനഗുണം. പിന്നെ സ്വാതന്ത്ര്യം ഇല്ലാത്തതിനാൽ വഴിതെറ്റാനുള്ള സാധ്യതയും കുറയും.

അതേസമയം അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുന്നതുകൊണ്ടുതന്നെ കുട്ടികളുടെ വ്യക്തിത്വ വികസനത്തിൽ തകരാറുകൾ ഉണ്ടാകും. സ്വന്തമായി എന്തെങ്കിലും ചെയ്യാനും തീരുമാനിക്കാനുമുള്ള ആത്മവിശ്വാസം ഈ കുട്ടികൾക്ക് കുറവായിരിക്കും. ഈ രീതിയിൽ വളരുന്ന കുട്ടികൾ പിൽക്കാലത്ത് സ്വാതന്ത്ര്യം കിട്ടുമ്പോൾ അവ ദുരുപയോഗം ചെയ്യാനും സാധ്യതയേറെയാണ്. ഒരുപക്ഷേ അച്ഛനമ്മമാർ പറയുന്ന ഒരു കാര്യങ്ങളും കേൾക്കാതെ അമിതമായ നിഷേധഭാവം കാണിക്കുന്നതിനും, ഇൻറർനെറ്റ് അടിമത്തത്തിനും, ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനും ഒക്കെ ഇത്തരത്തിൽ വളരുന്ന കുട്ടികളിൽ സാധ്യത ഏറെയാണ്. മാത്രമല്ല സൗഹൃദങ്ങൾ നിലനിർത്താനും അഭിപ്രായ വ്യത്യാസങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യാനും ഇവർക്ക് കഴിവ് കുറവായിരിക്കും. ചുരുക്കത്തിൽ ഗുണത്തേക്കാളേറെ ദോഷവശങ്ങളുള്ള ഒരു രക്ഷാകർതൃരീതിയാണ് ഏകാധിപത്യ രക്ഷാകർതൃത്വം (Authoritarian parenting).