ഒന്നാമത്തേത് ലഹരി അടിമത്തവും രണ്ടാമത്തേത് സ്വഭാവ സംബന്ധമായ അടിമത്തവും ആണ്. ഒരു രാസവസ്തുവിനെ ഉപയോഗിക്കുകയും അത് മസ്തിഷ്കത്തിൽ വ്യതിയാനങ്ങൾ ഉണ്ടാക്കി അതുവഴി അതിനോട് അടിമത്തം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ലഹരി അടിമത്തം. പുകയില, മദ്യം, കഞ്ചാവ്, ബ്രൗൺഷുഗർ പോലുള്ളവ, ചിത്തഭ്രമജന്യ ഔഷധങ്ങൾ (Hallucinogens) എന്നു വിളിക്കുന്ന LSD, MDMA എന്നിവ, കൊക്കെയ്ൻ തുടങ്ങിയവയൊക്കെ ഇന്നത്തെ ചെറുപ്പക്കാരിൽ ഒരു വിഭാഗം സാധാരണമായി ഉപയോഗിക്കുന്നുണ്ട്. ഇത് തീർച്ചയായും ഗുരുതരമായ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.

സ്വഭാവ സംബന്ധമായ അടിമത്തം എന്നാൽ ഒരു പ്രവൃത്തി ചെയ്യുമ്പോൾ ആഹ്ലാദം ലഭിക്കുന്നതിനാൽ തുടർന്ന് വീണ്ടും വീണ്ടും ആ പ്രവൃത്തി ആവർത്തിക്കുകയും ക്രമേണ അതിനോട് അടിമപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ്. ഇൻറർനെറ്റ്, മൊബൈൽ ഫോൺ, ഭക്ഷ്യവസ്തുക്കൾ, ഷോപ്പിംഗ്, ചെയ്യുന്ന ജോലി, ലൈംഗിക പ്രവൃത്തി തുടങ്ങിയവയോട് എല്ലാമുള്ള അടിമത്തം സ്വഭാവ സംബന്ധിയായ അടിമത്വത്തിൽ പെടുന്ന കാര്യങ്ങളാണ്. ഇവ രണ്ടും ഇന്ന് യുവജനങ്ങളുടെ ഇടയിൽ കൂടിക്കൊണ്ടിരിക്കുകയാണ് എന്നതാണ് ഏറെ ഖേദകരം. അതുകൊണ്ട് തന്നെ കൃത്യമായ ചികിത്സയിലൂടെ പരിഹാരം തേടേണ്ടത് അനിവാര്യമാണ്.