അമിത ലാളന അത്യാപത്ത്!!
നമ്മുടെ ചുറ്റിലും സാധാരണയായി കാണപ്പെടുന്നതാണ് ചില രക്ഷിതാക്കൾ കുട്ടികൾക്ക് അമിതമായ സ്വാതന്ത്ര്യവും ലാളനയും നൽകുന്നത്. കുട്ടികൾ പറയുന്നത് എന്തും സാധിച്ചു കൊടുക്കുകയാണ് ഇവരുടെ രീതി. ഇതിനെ നമുക്ക് അമിത ലാളന രക്ഷാകർതൃത്വം (Indulgent/Permissive Parenting) എന്നു വിളിക്കാം. ചെറുപ്രായം തൊട്ടേ കാര്യങ്ങൾ ചെയ്യാൻ കുട്ടികൾക്ക് സമ്മാനങ്ങൾ വാങ്ങി നൽകുന്ന രീതി ഇതിൽ സാധാരണമാണ്. ഇവിടെ അമിതമായ സ്വാതന്ത്ര്യവും ആഗ്രഹിക്കുന്നതെല്ലാം ഉടനടി നടക്കുന്ന രീതിയുമാണ് കുട്ടികൾ അനുഭവിക്കുന്നത്. സ്വാഭാവികമായും വീടിനുപുറത്ത് അവർ പറയുന്ന ആഗ്രഹങ്ങൾ ആരെങ്കിലും എതിർത്താൽ ആ എതിർക്കുന്നവരോട് കഠിനമായ ദേഷ്യവും വെറുപ്പും പ്രതികാരബുദ്ധിയും ഇവർക്ക് തോന്നിയേക്കാം. അവരോട് പകവീട്ടാൻ ഏതുവിധേനയും ഈ കുട്ടികൾ ശ്രമിക്കും.
മൊബൈൽ, ഐപാഡ്, ടാബ്‌ലെറ്റ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ രക്ഷിതാക്കൾ വാങ്ങി നൽകുന്നതിനാൽ ഇവർ ഈ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് അടിമപ്പെടാൻ സാധ്യത കൂടുതലാണ്. ഭൗതിക സുഖസൗകര്യങ്ങളോട് കൂടുതൽ താൽപര്യം കാണിക്കുന്ന ഇവർ അവയുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരെ വിലയിരുത്താൻ ശ്രമിക്കും. സമ്പന്നർ അല്ലാത്തവരോട് കടുത്ത പുച്ഛം കാട്ടുന്ന ഇവർ ഇക്കാരണം കൊണ്ടു തന്നെ സമൂഹത്തിൻറെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെടാൻ സാധ്യതയേറെയാണ്. നിസ്സാര കാര്യത്തിനു വരെ സഹജീവികളോട് അധമ പ്രവർത്തികൾ കാണിക്കാനും ഇത്തരക്കാർക്കു മടിയുണ്ടാവില്ല. അതുകൊണ്ടുതന്നെ അമിത ലാളന രക്ഷാകർതൃത്വരീതി ഇത്തരത്തിൽ സമൂഹത്തിന് കളങ്കം ഉണ്ടാക്കുന്ന വ്യക്തികളെയാണ് സൃഷ്ടിക്കുന്നത്.