അത്ര നിസ്സാരമല്ല സംശയ രോഗം.
സംശയരോഗക്കാരെ കണ്ടാൽ ഒറ്റനോട്ടത്തിൽ പുറമേക്ക് യാതൊരു രോഗലക്ഷണങ്ങളും കണ്ടുപിടിക്കാൻ കഴിയില്ല എന്നതാണ് പ്രത്യേകത. വസ്ത്രധാരണം കൊണ്ടും പെരുമാറ്റ ശൈലി കൊണ്ടും ഇവർ സാധാരണ ആളുകളെ പോലെ തന്നെ പെരുമാറാൻ ശ്രമിക്കുന്നു. ചുരുക്കം ചിലർക്ക് അവരുടെ സംസാര വൈദഗ്ധ്യം കൊണ്ട് സംശയത്തെ യഥാർത്ഥമാണ് എന്ന പ്രതീതി ജനിപ്പിക്കാനും കഴിഞ്ഞേക്കാം. എന്നിരുന്നാലും അല്പം കൂടി നിരീക്ഷിച്ചാൽ ഇവർ ഏതൊരു പ്രശ്നത്തെയും സന്ദർഭത്തെയും വ്യക്തിയെയും വളരെ സൂക്ഷിച്ചും സംശയത്തോടെയും മാത്രമേ അഭിമുഖീകരിക്കു എന്ന് മനസ്സിലാക്കാൻ സാധിക്കും. കൂടുതൽ ചിന്തിക്കുന്നതുകൊണ്ട് വസ്തുതകളെ വരികൾക്കിടയിലൂടെ വായിക്കുന്നത് ഇവരുടെ സ്വഭാവമാണ്.
വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ രോഗം പ്രത്യേക പരിഗണന അർഹിക്കുന്നു. ആത്മഹത്യ, കൊലപാതകം, ദാമ്പത്യകലഹം, വിവാഹമോചനം എന്നിവയെല്ലാം സംശയ രോഗത്തിൻറെ പ്രത്യാഘാതങ്ങൾ ആയി പലപ്പോഴും സംഭവിക്കാറുണ്ട്. ഭർത്താവിൻറെ സംശയം രോഗമാണെന്ന് അറിയാതെ ജീവിതകാലം മുഴുവൻ നരകിക്കുന്ന ഭാര്യ, ഭാര്യയുടെ സംശയം മൂലം കുടുംബത്തിലും സമൂഹത്തിലും അവഹേളന അനുഭവിക്കുന്ന ഭർത്താവ്, മറ്റൊരാൾ തന്നെ അപായപ്പെടുത്താനോ ആക്രമിക്കാനോ ശ്രമിക്കുന്നു എന്ന ഭയത്താൽ ഏത് സമയവും ജാഗ്രത പാലിക്കുന്ന വ്യക്തി, തനിക്ക് ശാരീരികമായ തകരാർ ഉണ്ടെന്ന തോന്നൽ മൂലം മനസ്സമാധാനം നഷ്ടപ്പെട്ടവർ, തനിക്ക് മറ്റുള്ളവരേക്കാൾ പ്രത്യേക കഴിവ് (സിദ്ധി) ഉണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്ന വ്യക്തികൾ ഇത്തരത്തിൽ നിരവധി പേർ സംശയരോഗത്തിൻ്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നവരാണ്. നിർഭാഗ്യവശാൽ സമൂഹത്തിൽ ഈ രോഗത്തെക്കുറിച്ചുള്ള അജ്ഞതയും രോഗിയെ ചികിത്സക്കായി കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ടും മൂലം നിരവധി പേർക്ക് ശരിയായ ചികിത്സ ലഭിക്കാതെ പോകുന്നുണ്ട്. മനോരോഗ വിദഗ്ധൻെറനേതൃത്വത്തിലുള്ള തുടറ്ച്ചയായ ചികിത്സ നൽകിയാൽ രോഗശമനം സാധ്യമാണ്.