അഗോറ ഫോബിയ വന്നാൽ(Agoraphobia)….
തിക്കിലും തിരക്കിലുമോ ഒറ്റപ്പെട്ട സ്ഥലങ്ങളിലോ അകപ്പെട്ടു പോയാൽ തനിക്ക് അവിടെ നിന്നും രക്ഷപ്പെടാൻ സാധിക്കുമോ, എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ചികിത്സ ലഭിക്കുമോ എന്നിങ്ങനെയുള്ള നിരന്തരമായ ഭയം കാരണം വ്യക്തികളുടെ പെരുമാറ്റത്തിൽ ഉണ്ടാകുന്ന പ്രകടമായ മാറ്റങ്ങളാണ് അഗോറഫോബിയ. ഈ അവസ്ഥയിൽ രോഗിക്ക് പുറത്തു പോകാനും എന്തിനേറെ പറയുന്നു ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പോലും അകമ്പടിയായി മറ്റൊരു വ്യക്തിയുടെ സഹായം വേണ്ടിവരും. ഇത്തരം ഘട്ടത്തിൽ രോഗിക്ക് ജോലിയിൽ നിന്നും അവധി എടുക്കേണ്ടി വരികയോ സ്വയം വിരമിക്കൽ ചെയ്യേണ്ടി വരികയോ വന്നേക്കാം. അമിതമായ ഉൽക്കണ്ഠ മൂലം ഉണ്ടാകുന്ന പാനിക് ഡിസോർഡർ ദീർഘകാലം നീണ്ടുനിന്നാൽ പലരിലും ഈ അവസ്ഥ കൂടി കാണപ്പെടാറുണ്ട്.
തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന ലിംബിക് വ്യൂഹത്തിലെ നാഡികൾ പരസ്പര ആശയവിനിമയത്തിന് ഉപയോഗിക്കുന്ന രാസപദാർഥങ്ങളുടെ അസന്തുലിതാവസ്ഥ മൂലം രക്തത്തിലും തലച്ചോറിലും അഡ്രിനാലിൻ്റെ അളവ് അമിതമാകുന്നത് ആകാം അസുഖകാരണമെന്ന് ഗവേഷകർ അനുമാനിക്കുന്നു. മസ്തിഷ്കത്തിലെ ബ്രെയിൻ സ്റ്റെം, ലിംബിക് വ്യൂഹം, പ്രീ ഫ്രോണ്ടൽ കോർടെക്സ് എന്നീ ഭാഗങ്ങളാണ് ഉത്കണ്ഠയെ നിയന്ത്രിക്കുന്നത്. അഗോറഫോബിയ ഔഷധ ചികിത്സയും മനശാസ്ത്ര ചികിത്സയും നൽകുന്നതിലൂടെ മാറ്റിയെടുക്കാവുന്നതാണ്.